അവൾ

അവൾ:

അവനവളെ ഇഷ്ടമായിരുന്നു.അതികഠിനമായ പ്രണയം, എന്നാൽ അവൾക്ക് അവനെ തീരെ ഇഷ്ടമായിരുന്നില്ല. എന്നും അവൻ കോളേജ് പഠിക്കൽ അവൾക്കായി കാത്തുനിൽക്കും. എന്നാൽ ഇത് അറിയുന്ന അവൾ കോളേജിൽ നിന്ന് വരാനും പോകാനും എന്നും ഓരോ ഊടുവഴികൾ കണ്ടു പിടിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ ഞാനവളോട് ചോദിച്ചു. നിനക്ക് സത്യത്തിൽ അവനോട് വെറുപ്പ് തോന്നാൻ കാരണം എന്ത്?. അവൾക്കതിന് മറുപടിയില്ല. സത്യത്തിൽ സൗന്ദര്യം കൊണ്ടും സാമ്പത്തികം കൊണ്ടും അവർ നല്ല മാച്ച് തന്നെയായിരുന്നു. പോരാത്തതിന് അവർ അകന്ന ബന്ധുക്കളും ആയിരുന്നു. പരസ്പരം അറിയാവുന്ന നല്ല അടുപ്പമുള്ള കുടുംബങ്ങൾ. അവൾ അവനെ പ്രേമിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നും ഇല്ലായിരുന്നു. എന്തുകൊണ്ടോ അവൾക്ക് അവനെ ഒട്ടുംതന്നെ ഇഷ്ടമല്ലായിരുന്നു.

ഒരിക്കൽ അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവനെ വഴക്ക് പറയുകയുമുണ്ടായി. പിന്നീട് അവനെ കോളേജിൽ കണ്ടില്ല. ഒരുപക്ഷേ അവൻ ദോഹയിലേക്ക് മടങ്ങി ഇരിക്കും, അവിടെയാണ് അവൻ ജോലിചെയ്തിരുന്നത്.

കോളേജ് പഠനം പൂർത്തിയാക്കി ഞാൻ ഭേദപ്പെട്ട ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. അപ്പോഴാണ് യാദൃശ്ചികമായി അവളുടെ കോൾ വന്നത്. വിവാഹ വിരുന്ന് തന്നെ വിഷയം. സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ, അവൾ എനിക്ക് ഫോട്ടോ വാട്സപ്പിലൂടെ ഷെയർ ചെയ്തു തന്നു. ഒരിക്കൽ ഫോണിലൂടെ അവനെ എനിക്ക് പരിചയപ്പെടുത്തി തരുകയും ചെയ്തു. ഞാനും അവനുമായി സംസാരിക്കുകയുണ്ടായി. അധികമൊന്നും മനസ്സിലാക്കാൻ ആ ഒരു കോൾ കൊണ്ട് ആയില്ലെങ്കിലും എനിക്കും സംസാരം കൊണ്ട് അയാളെ ഇഷ്ടപ്പെട്ടു. അവൾ വളരെ സന്തോഷവതിയായിരുന്നു. അവർ തമ്മിൽ ദിവസവും കോളുകളിൽ ഏർപ്പെട്ടു. താമസിക്കാതെ അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു.

അവളുടെ വിവാഹത്തിന് പോകാനുള്ള ഒരുക്കങ്ങൾ ഞങ്ങൾ കൂട്ടുകാരും തുടങ്ങി. ഒരേ പോലത്തെ ഡിസൈനിലുള്ള പല കളറുകളിൽ വരുന്ന സാരിയാണ് ഞങ്ങൾ ഉടുക്കാൻ തീരുമാനിച്ചിരുന്നത്. സന്തോഷകരമായ നാളുകളായിരുന്നു പിന്നീടങ്ങോട്ട്.

എന്നാൽ ഒരുനാൾ വളരെ ഇടറുന്ന സ്വരത്തിൽ അവളുടെ ഒരു കോൾ വന്നു. അസ്വസ്ഥയായി അവൾ പറഞ്ഞു, എന്റെ വിവാഹം മുടങ്ങി. കുടുംബക്കാർ തമ്മിൽ എന്തോ വാക്കുതർക്കമുണ്ടായി, വിവാഹം വേണ്ടെന്നു വെച്ചു. സത്യത്തിൽ അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഒന്നും ചോദിക്കാനുള്ള ധൈര്യം അപ്പോൾ എനിക്കും ഉണ്ടായിരുന്നില്ല. എന്നാലും ഒന്നു മാത്രം ചോദിച്ചു "ഏട്ടൻ, ഏട്ടൻ വിവാഹം മുടങ്ങും എന്ന് അറിഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ലേഡാ". അവൾ കുറച്ചു നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു. "അച്ഛനെ എതിർക്കാൻ ചേട്ടന് ധൈര്യം ഇല്ല എന്ന്". മറ്റൊന്നും ചോദിക്കാൻ എനിക്കായില്ല. എല്ലാം നല്ലതിന് ആയിരിക്കും, നീ വിഷമിക്കാതെ, ഒക്കെ റെഡി ആകും എന്നു പറഞ്ഞു ഞാൻ കോൾ അവസാനിപ്പിച്ചു.

വളരെ വിഷമത്തോടെ കടന്നുപോകേണ്ട ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട് അവൾക്ക്. എല്ലാവരെയും ക്ഷണിച്ചത് കാരണം വിവാഹ ദിനത്തിൽ ആശംസകൾ അറിയിച് ഒരുപാട് പേർ അവളെ വിളിച്ചു. എല്ലാം സഹിച്ച് തളരാതെ അവൾ പിടിച്ചു നിന്നു.

ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും അവളുടെ കാൾ എനിക്ക് വന്നു, അവളുടെ വിവാഹനിശ്ചയം ആണ്. വരൻ അവളുടെ പിറകെ നടന്നിരുന്ന അവളുടെ ബന്ധു തന്നെ. ഞാൻ ആകെ അത്ഭുതപെട്ടു. എങ്ങനെ ഇത് ഇവിടംവരെ എത്തി. നീ ഇതിന് സമ്മതിച്ചോ എന്ന് ഞാൻ ചോദിച്ചു. അതിന് അവൾ, അവൻ എല്ലാം നേരിട്ട് അവന്റെ അച്ഛനുമായി സംസാരിച്ചു അവർക്ക് താൽപര്യം ആയോണ്ട് എന്റെ അച്ഛനുമായി സംസാരിച്ചു.എല്ലാവർക്കും അറിയാവുന്ന ബന്ധം ആയതുകൊണ്ട് ആരും തടസ്സം പറഞ്ഞില്ലാന്ന്. നിനക്ക് സന്തോഷമല്ലേ എന്ന് ചോദിച്ചതിന് ഒരു മൂളൽ മാത്രം മറുപടിയായി എനിക്ക് ലഭിച്ചു. നിശ്ചയത്തിന് ആരെയും വിളിക്കുന്നില്ല എന്നും നീ അറിഞ്ഞിരിക്കാൻ വിളിച്ചതാണ് എന്നും, വിവാഹത്തിന് തീർച്ചയായും വരണം എന്നും പറഞ് അവൾ കോൾ അവസാനിപ്പിച്ചു. മനസ്സിൽ കുറെ ചോദ്യങ്ങൾ മാത്രം ബാക്കിയായി.

സന്തോഷത്തോടെയാണ് അവൾ വിവാഹത്തിന് ക്ഷണിച്ചത്. അവൾക്ക് അവനെ ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് അതിൽ നിന്നും വ്യക്തമായിരുന്നു. വിവാഹത്തിൽ ഞാനും സംബന്ധിച്ചു.എല്ലാ മംഗളങ്ങളും നേർന്നു. അവളെ വളരെ സന്തോഷവതിയായി കാണപ്പെട്ടു. ഞാനും അതിൽ അതിയായി സന്തോഷിച്ചു.

ഞാനിപ്പോൾ എന്റെ വീട്ടുവളപ്പിൽ അവളെ കാത്തുനിൽക്കുന്നു. എല്ലാം മനസ്സിലൂടെ കടന്നു പോയതാണ്. അതാ അവളുടെ കാർ മുറ്റത്ത് എത്തിയിരിക്കുന്നു. കയ്യിൽ ഒരു പെൺകുഞ്ഞും ആയി സന്തോഷത്തോടെ അവൾ അവന്റെ ഒപ്പം കാറിൽ നിന്നും ഇറങ്ങി. ഞാൻ വളരെ സന്തോഷത്തോടെ അവരെ രണ്ടുപേരെയും എന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പോയ കാല സ്മരണകൾ ഞങ്ങൾ പങ്കുവെച്ചു. എന്റെ ജീവിതത്തിലെ തന്നെ വളരെ മനോഹരമായ ഒരു ദിവസമായിരുന്നു അന്ന്. എല്ലാം ഒന്നുകൂടി ഓർക്കാനും, മറക്കേണ്ടത് മറക്കാനും അന്ന് എനിക്ക് സാധിച്ചു. അവളെന്നും ദീർഘസുമംഗലി ആയി ഇരിക്കട്ടെ.

ജീവിതം എത്ര നിസ്സാരമാണ് എല്ലാം സഹിക്കാനും പൊറുക്കാനും നമ്മൾ തയ്യാറാണെങ്കിൽ എല്ലാം നാം അറിയാതെ നേർവഴിയിൽ എത്തുന്നു. പലതും ആലോചിച്ച് മനസ്സിനെ കുഴപ്പത്തിൽ ആക്കാതെ, വരുന്നതുവരട്ടെ എന്നാലോചിച്ച് ജീവിച്ചു നോക്കൂ.
ജീവിതം വളരെ മനോഹരമാണ് അത് ആസ്വദിക്കാൻ അറിയണം എന്നു മാത്രം.

ചിഞ്ചു സി എസ്‌

Comments

Popular posts from this blog

ചിഞ്ചു

ഒറ്റപ്പെട്ട ആദ്യനാൾ