ഒറ്റപ്പെട്ട ആദ്യനാൾ

ഒറ്റപ്പെട്ട ആദ്യനാൾ:


ഇങ്ങനെ ഒരു അനുഭവം നിങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും. എന്നെ സംബധിച്ചിടത്തോളം ഇങ്ങനെ ഒരു ദിവസം കടന്നു വരുമെന്ന് ഞാൻ പ്രതിഷിച്ചേ ഇല്ലായിരുന്നു . പ്ലസ് ടു ജീവിതം അവസാനിച് ഞാൻ കോളേജിൽ ചേരാൻ പോകുന്നു, അതും ഞാൻ ഇതു വരെ കണ്ടിട്ടില്ലാത്ത ബാംഗ്ലൂർ .

ചെറുപ്പം തൊട്ടേ അച്ഛനമ്മമാരെ വിട്ട് നിൽക്കാൻ ഞാൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല . തൊട്ടടുത്താണ് എന്റെ അമ്മമ്മയുടേ വീട് എങ്കിലും ഞാൻ അമ്മയോടൊപ്പം അല്ലാതെ അവിടെ പോയി നിൽക്കാറില്ല . അമ്മമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, എന്നാലും അച്ഛനെയും അമ്മയെയും വിട്ട് ഒറ്റക്ക്നിൽക്കാൻ ഞാൻ എന്നും ഭയപ്പെട്ടിരുന്നു. അമ്മമ്മയുടെ കൈയിൽ തൂങ്ങിഎന്റെ അനിയത്തി ഓണക്കാല അവധിക്കു പോകുമ്പോഴും ഞാൻ അമ്മയുടെ സാരി തുമ്പിൽ നിന്ന് പിടി വിട്ടിരുന്നില്ല . മോശമില്ലാത്ത മാർക്കോടെ പ്ലസ് ടു പാസ് ആയപ്പോൾ ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ഞാൻ പ്രതിഷിച്ചില്ല. കോളേജിൽ നിന്നും കാൾ വന്നിരിക്കുന്നു , മറ്റന്നാൾ മുതൽ ക്ലാസ് തുടങ്ങും. നാളെ തന്നെ പോയി ഹോസ്റ്റലിൽ ചേരേണ്ടതുണ്ട് . അത്രയും നേരം ചിരിച്ചു നിന്ന എന്റെ മുഖത് വേഗം വിഷാദം നിറഞ്ഞു. അച്ഛൻ വന്ന് എന്നോട് നിനക്ക് ആവിഷമുള്ളത് എടുത്ത് ബാഗ് പാക്ക് ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ബാംഗ്ലൂർ പോയി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുനെകിലും അച്ഛനമ്മമാരെ വിട്ട് പോകേണ്ടി വരും എന്ന് ഞാൻ ഓർത്തില്ല. പുറത്തുന് വല്ലതും വാങ്ങണമെങ്കിൽ അതിന്റെ ലിസ്റ്റ് വേഗം തയാറാക്കാൻ അച്ഛൻ എന്നോട് പറഞ്ഞപ്പോൾ അറിയാതെ ഞാൻ ബാത്റൂമിലേക്കു ഓടി . എന്റെ ഏതു സങ്കടങ്ങളും കണ്ടത് എന്റെ ബാത്രൂം ആയിരിക്കണം . ടാപ്പ് തുറന്നിട്ട് ശബ്ദമുണ്ടാക്കാതെ കരയുന്നത് എന്റെ പതിവായിരുന്നു …

അമ്മയുടെ ശകാരം കേട്ടാണ് ഞാൻ ബാത്റൂമിന്റെ വാതിൽ തുറന്നത്. പെട്ടന്ന് ഞാൻ ആ വീട്ടിൽ ഒറ്റപെട്ടന്നു എനിക്ക് തോന്നി . സാധനങ്ങൾ എടുത്ത് വെക്കുന്ന തിരക്കിൽ ആയിരുന്നു അച്ഛൻ. എന്റെ ഡ്രെസ്സുകൾ ഓരോന്നായി അനിയത്തി അച്ഛനെ ഏല്പിച്ചു. കാച്ചിയ വെളിച്ചെണ്ണ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ബെഡിൽ പോയി കിടന്നു .എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല. അനിയത്തി വന്ന് വിളിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത് " എത്ര നേരമായി ചേച്ചി ഉറങ്ങുന്നു, സമയം സന്ത്യ ആയി ". മെല്ലെ എഴുനേറ്റു ബാത്റൂമിൽ പോകുമ്പോൾ കണ്ടത് ഡൈനിങ് ടേബ്ളിൽ എനിക്കായ് പാക്ക് ചെയ്തു വെച്ച കായ വറുത്തതും, കാച്ചിയ വെളിച്ചെണ്ണയും , എന്റെ ബാഗും ആണ്.
ബാത്റൂമിൽ പോയി മുഖം കഴുകി കാപ്പികുടിക്കാൻ ഇരുന്നപ്പോൾ മനസ്സിൽ ഏതൊക്കെയോ ഓടി കളിക്കുന്നു . ഒരു പക്ഷെ ഇങ്ങനെ എല്ലാവരും ഒത്തു ഒരു കാപ്പികുടി ഇനി വളരെ നാളുകൾക്കു ശേഷമായിരിക്കും. എനിക്ക് ഇഷ്ട്ടപെട്ട എല്ലാ വിഭവങ്ങൾ ഉങ്ങായിരുന്നെകിലും ഒന്നും കഴിക്കാൻ ആയില്ല .അമ്മയെ വിഷമിപ്പിക്കാതെ ഇരിക്കാൻ പേരിനു എല്ലാം കഴിച്ചെന്നു വരുത്തി. എല്ലാം എന്റെ മുൻപിൽ നിന്ന് തന്നെ അച്ഛൻ പാക്ക് ചെയ്തു .ഏതൊക്കെ കള്ളികളിൽ എന്തൊക്കെ വച്ചിട്ടുണ്ടെന്നു വിശതീകരണം ആയിരുന്നു അടുത്ത പേരുപാടി. രാത്രി ഭക്ഷണവും പേരിനു കഴിച്ചു . ഉറങ്ങാൻ കിടന്നപ്പോൾ ഹൃദയം പട പട ഇടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു . കണ്ണുകൾ അടക്കാൻ സാധിച്ചില്ല . അച്ഛൻ, അമ്മ ,അനിയത്തി എല്ലാവരെയും വിട്ട് ഞാൻ എങ്ങനെ ജീവിക്കും . എന്റെ വിഷമങ്ങൾ ഞാൻ ആരുമായി പങ്ക്വെക്കും. ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു.എന്നും കുഞ്ഞായി ഇരുന്നെക്കിൽ, അമ്മയുടെ സാരി തുമ്പിൽ കളിക്കുന്ന കുഞ്ഞ്.

അച്ഛന്റെ ശകാരം കേട്ടാണ് രാവിലെ കണ്ണ് തുറന്നത് . സമയം 6 മണി ആയെ ഉള്ളു . കുറച്ചു കൂടി ഉറങ്ങട്ടെ അച്ഛാ എന്ന് പറയാൻ തുടങ്ങുമ്പോഴാണ് ഞെട്ടിപ്പോടെ മനസിലാക്കിയത്, ഇന്നാണ് ആ ദിനം . എല്ലാരേയും ഉപേക്ഷിച്ചു യാത്ര ആകേണ്ട ആ ദിനം .എഴുനേറ്റു മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അകെ പരിചിത മല്ലാത്ത ഒരു അന്തരീഷം. എല്ലാവരുടെ മുഖത്തും വിഷാദം മാത്രം കാണാമായിരുന്നു .ഒന്നും ചോദിക്കാനോ പറയാനോ ഉള്ള മനക്കട്ടി എനിക്കും ഇല്ലായിരുന്നു. കുളികഴിഞ്ഞു എത്തിയപ്പോയേക്കും എല്ലാവരും റെഡി ആയിരുന്നു.സാധനകൾ എല്ലാം കയറ്റി വെച്ച് വണ്ടിയിൽ കയറുമ്പോൾ, ഞാൻ കളിച്ചു വളർന്ന വീടിനെ ഒരു നോക്ക് മാത്രം നോക്കി .പോകരുതെന്ന് പറയുന്ന ഒരു വിഷാദ ഭാവം അന്നാദ്യമായി ഞാൻ എന്റെ വീട്ടിൽ കണ്ടു. കുറച്ചു നേരത്തിനുളിൽ തന്നെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തി.എല്ലാം ഇറക്കി വെച്ച് ടിക്കറ്റ് നോക്കാൻ എന്നും പറഞ് അച്ഛൻ പോയി .ട്രെയിനിൽ ഇരുന്നു വായിക്കാൻ എനിക്ക് വനിതയും മറ്റു പുസ്തകങ്ങളും അമ്മ വാങ്ങി തന്നു, ഒപ്പം കുറെ ഉപദേശങ്ങളും .അമ്മ പറഞ്ഞതൊക്കെ ഞാൻ കേട്ടോ എന്ന് സംശയമാണ് .എന്റെ ശ്രദ്ധ മുഴുവൻ അമ്മയുടെ മനോഹരമായ മുഖത്തായിരുന്നു .അമ്മയിലെ സൗന്ദര്യം അന്ന് ആദ്യമായി ഞാൻ കണ്ടു. ട്രെയിൻ വരാറായി പ്ലാറ്റഫോം നമ്പർ 2 ആണ് എന്ന് പറഞ് അച്ഛൻ വന്നു. ആ റെയിൽവേ സ്റ്റേഷനിൽ കുടുംബത്തോടെ ഇരിക്കുമ്പോഴും അന്നാദ്യമായി ഒരു അനാഥയോ ഞാൻ എന്ന് തോന്നി പോയി.ട്രെയിൻ വരാൻ എടുത്ത 10 നിമിഷവും കാരമുള്ളിനെക്കാൾ മൂർച്ചയുള്ള മൗനമായിരുന്നു .

ട്രെയിന്റെ ശബ്ദം കേട്ടതും ഞാൻ അമ്മയുടെയും അനിയത്തിയുടെയും കൈകൾ കൂട്ടിപ്പിടിച്ചു . എന്റെ കുടുംബത്തെ എന്നിൽ നിന്ന് അകറ്റുന്ന ഒരു നികൃഷ്ട്ട ജീവി ആയാണ് ഞാൻ ആ ട്രെയിനെ വരവേറ്റത് . അനിയെത്തി എന്റെ അരക്കെട്ടിൽ പിടിച്ചു പൊട്ടിക്കരഞ്ഞു .അമ്മയുടെ കണ്ണുകളിൽ നിന്ന് തോരാതെ കണ്ണീർ പൊഴിഞ്ഞു .ട്രെയിൻ പോകാൻ ഉള്ള വിസിൽ വിളിച്ചു ,ജനലിലൂടെ അമ്മയുടെയും അനിയത്തിയുടെയും കൈകൾ ഞാൻ മുറുക്കി പിടിച്ചു . ഒടുക്കം അവ എന്റെ കൈയിൽ നിന്ന് വഴുതി പോയി. നിറ കണ്ണുകളോടെ അവരെ നോക്കി നിന്നത് ഞാൻ ഇന്നും ഓർക്കുന്നു.


ചിഞ്ചു സി എസ്

Comments

Popular posts from this blog

അവൾ

ചിഞ്ചു